മലാവി വൈസ് പ്രസിഡന്റിന്റെ ശവസംസ്കാര വിലാപയാത്രയ്ക്കിടെ അപകടം; നാലുപേർ മരിച്ചു
Monday, June 17, 2024 6:25 AM IST
ലിലോംഗ്വെ: അന്തരിച്ച മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയുടെ ശവസംസ്കാര വിലാപ യാത്രക്കിടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം ജനക്കൂട്ടത്തിന് ഇടയിലേക്ക് ഇടിച്ചുകയറി നാല് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു.
സെൻട്രൽ മലാവിയിലെ ന്റെച്ചു എന്ന ഗ്രാമത്തിലാണ് അപകടം നടന്നത്. ചിലിമയുടെ സ്വന്തം ഗ്രാമമായ എൻസൈപ്പിലേക്ക് സൈനിക, പോലീസ്, സിവിലിയൻ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുപോയത്.
അപകടത്തെ തുടർന്ന് രണ്ട് സ്ത്രീകൾക്കും രണ്ട് പുരുഷന്മാർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒന്നിലധികം ഒടിവുകൾ ഉണ്ടാവുകയും ചികിത്സയിലിരിക്കെ ഇവർ മരിക്കുകയും ചെയ്തുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
വിലാപ യാത്രയിൽ പങ്കുചേരാനായി ആയിരക്കണക്കിന് ആളുകൾ തെരുവിൽ അണിനിരന്നിരുന്നു. ചിലിമയെ അവസാനമായി കാണുന്നതിന് ഘോഷയാത്ര നിർത്തണമെന്ന് ചിലർ ആവശ്യപ്പെട്ടത് ചെറിയ തോതിൽ തർക്കമുണ്ടായെന്ന് ചിലിമയുടെ പാർട്ടി വക്താവ് ഫെലിക്സ് ഞാവാല പറഞ്ഞു. ചില സന്ദർഭങ്ങളിൽ ആളുകൾ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മലാവിയിലെ ചിക്കൻഗാവ വനത്തിൽ സൈനിക വിമാനം തകർന്നുവീണാണ് ചിലിമയും മറ്റ് എട്ട് പേരും മരിച്ചത്. അപകടം കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നതെങ്കിലും ചൊവ്വാഴ്ചയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.