ലെെസൻസ് "വെള്ളത്തിലായി'; ആജീവനാന്തം റദ്ദാക്കി എൻഫോഴ്സ്മെന്റ് ആർടിഒ
Saturday, June 15, 2024 2:23 PM IST
ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള് ഒരുക്കി യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി മോട്ടോര്‍വാഹനവകുപ്പ്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടേതാണ് നടപടി. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു.
സഞ്ജു നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് വ്ലോഗറോട് വിശദീകരണം തേടിയിരുന്നു.
അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുമെല്ലാമായിരുന്നു സഞ്ജു നല്കിയ വിശദീകരണം. എന്നാൽ, ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി നിലപാട് സ്വീകരിച്ചതോടെ കടുത്ത നടപടിയിലേക്ക് പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.
കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കിയുള്ള സഞ്ജു ടെക്കിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തത്. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷന് കഴിഞ്ഞ ദിവസമാണ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയത്.
മോട്ടോര്‍ വാഹനവകുപ്പ് ആജീവനാന്തമാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനും റദ്ദാക്കല്‍ കാലവധിയില്‍ ഇളവ് തേടാനുമുള്ള സാധ്യതയുണ്ട്.
അതേസമയം, സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്.