ഗുരുവായൂരിൽ ടാങ്കർ ലോറി നിർത്തിയിട്ട ടിപ്പറിൽ ഇടിച്ചു മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
Friday, June 14, 2024 12:23 PM IST
ഗുരുവായൂർ: കണ്ടാണശേരി പാരീസ് റോഡിൽ ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ടിപ്പറിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുലോറികളും മറിഞ്ഞു. ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടു പേർക്ക് നിസാര പരിക്കേറ്റു.
അത്താണി ചെറുകുന്ന് ചക്കാലിക്കൽ മനു(24), അത്താണി പൂളോത്ത് തുണ്ടിയിൽ അഭിജിത്ത്(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ഏഴോടെയാണ് അപകടം. ചൂണ്ടൽ ഭാഗത്തുനിന്ന് വരികയായിരുന്നു ടാങ്കർ ലോറി. മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് തിരിച്ചതോടെ അപകടം ഒഴിവാക്കാനായി വശത്തേക്ക് എടുത്തതോടെ നിർത്തിയിട്ടിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഇതോടെ ടിപ്പർ ലോറി തോട്ടിലേക്കും ടാങ്കർ ലോറി റോഡിന്റെ വശത്തേക്കും മറിഞ്ഞു. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.