സിപിഎമ്മിനെ കുടഞ്ഞ് കുഞ്ഞാലിക്കുട്ടി; നീക്കുപോക്ക് സാധ്യതകൾ ഇനിയില്ല
സ്വന്തം ലേഖകന്‍
Wednesday, June 12, 2024 5:04 PM IST
കോഴിക്കോട്: സിപിഎമ്മിനെതിരേ അന്പരപ്പിക്കുന്ന വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയിലായിരുന്നു പരിഹാസം നിറഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ കടുത്ത വിമർശനം.
"ഇടതില്ലെങ്കില്‍ ഇന്ത്യയില്ല' എന്ന എല്‍ഡിഎഫ് പരസ്യം അറംപറ്റിയെന്ന പരിഹാസവുമായാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. ഇന്ത്യയുണ്ട്, പക്ഷേ ഇടതില്ല എന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായതെന്ന് അദ്ദേഹം ആക്ഷേപിച്ചു.
ഇടതില്ലെങ്കില്‍ ന്യൂനപക്ഷ പൗരന്മാര് രണ്ടാം ക്ലാസാകുമെന്ന ധാരണയാണ് സിപിഎം ഉണ്ടാക്കിയിരുന്നത്. കോണ്‍ഗ്രസ് ജയിച്ചതോടെ രണ്ടാം ക്ലാസ് പൗരന്മാര് ഇല്ലാതായി. പൊന്നാനിയിൽ ലീഗ് പുറത്താക്കിയ ആളെ സിപിഎം ചിഹ്നം കൊടുത്തു മത്സരിപ്പിച്ചു. ഇത്തവണത്തെ അവിടത്തെ പരീക്ഷണത്തില്‍ ലീഗിനെ വിഭജിക്കാനും ശ്രമിച്ചു. ലീഗ് പുറത്താക്കി എന്ന ഏക മഹത്വമാണ് ഇടത് സ്ഥാനാർഥിക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഇത്രത്തോളം രൂക്ഷമായി സിപിഎമ്മിനെ കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുന്നത് അപൂർവമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മലബാറില്‍ നേട്ടമുണ്ടാക്കാന്‍ ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുംനട്ട് സിപിഎം നടത്തിയ ശ്രമങ്ങള്‍ ലീഗിനെ പ്രകോപിപ്പിക്കുന്നതായിരുന്നു. ഇതിനുള്ള മുറപടി കൂടിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിയമസഭയിലെ പ്രസംഗം.
കടുത്ത വിമർശനത്തിൽ പ്രകോപിതനായി കാണപ്പെട്ട പിണറായി, ലീഗ് നേതാക്കളെ വിജയം മത്ത് പിടിപ്പിച്ചെന്ന് വിമർശിച്ചു. പൗരത്വ നിയമഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലീഗ് സിപിഎമ്മുമായി അടുക്കുന്നുവെന്ന പ്രചാരണം സമീപകാലത്തായി ഉയര്‍ന്നിരുന്നു. സമരത്തിലേക്ക് ലീഗിനെ സിപിഎം ക്ഷണിക്കുകയും ചെയ്തു.
എന്നാല്‍ ക്ഷണം ലീഗ് നിരസിച്ചെങ്കിലും സിപിഎം ലീഗിനിട്ടപാലം അങ്ങിനെതന്നെ കടക്കുകയായിരുന്നു. ഇതിനിടയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പു വന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ തകർപ്പൻ വിജയം ലീഗിനെ യുഡിഎഫിൽ തന്നെ ഉറപ്പിച്ചുനിർത്തുകയായിരുന്നു.
അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഇടതുപക്ഷ സർക്കാരുമായി യാതൊരു നീക്കുപോക്കും വേണ്ടെന്നാണ് നിലവിൽ ലീഗിലെ ധാരണ.