നന്ദി; പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: ട്രൂഡോയോട് മോദി
Monday, June 10, 2024 12:29 PM IST
ന്യൂഡല്‍ഹി: മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയെ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അഭിനന്ദനം അറിയിക്കുകയാണ്. മൂന്നാം വിജയത്തിന്റെ പശ്ചാത്തലത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും അദ്ദേഹത്തെ അഭിനന്ദിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായി തുടരുന്നതിനിടെയാണ് ട്രൂഡോ മോദിയെ അഭിനന്ദിച്ചത്. പരസ്പര ധാരണയുടെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ കാനഡയുമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നു ട്രൂഡോയുടെ സോഷ്യല്‍ മീഡിയ സന്ദേശത്തിന് മറുപടിയായി മോദി പറഞ്ഞു.
നേരത്തെ, ഖാലിസ്ഥന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു ട്രൂഡോ ആരോപിച്ചത് വലിയ വിവാദമായിരുന്നു. ഈ ആരോപണങ്ങള്‍ ഇന്ത്യ തള്ളി. പിന്നാലെ കഴിഞ്ഞവര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ച നടന്ന കനേഡിയന്‍ പാര്‍ലമെന്ററി റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും പ്രക്രിയകള്‍ക്കും പ്രധാനപ്പെട്ട രണ്ടാമത്തെ വിദേശ ഇടപെടല്‍ ഭീഷണി ഇന്ത്യയാണെന്ന് പറഞ്ഞിരിക്കുന്നു. ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ ചെറുക്കുന്നതിന് അപ്പുറം ഇന്ത്യ വിദേശ ഇടപെടല്‍ നടത്തുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 92 പേജുള്ള റിപ്പോര്‍ട്ടില്‍ "ഇന്ത്യ' എന്ന് 44 തവണ പരാമര്‍ശിച്ചിട്ടുണ്ട്.