പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ
Tuesday, June 4, 2024 6:29 AM IST
ജയ്പുർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മീർ ജില്ലയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
പീഡനത്തിന് ഇരയായ 11-ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുമായി ഒരു സുഹൃത്ത് മുഖേനയാണ് കേസിലെ മുഖ്യപ്രതി ഇർഫാൻ പരിചയപ്പെട്ടത്. പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിൽ സൗഹൃദം സ്ഥാപിച്ച ഇർഫാൻ ഈ കുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇയാളും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തുവെന്നും അവരുടെ കോൾ വിശദാംശങ്ങളും മൊബൈലുകളും പരിശോധിച്ചുവരികയാണെന്നും സ്റ്റേഷൻ ഇൻചാർജ് അരവിന്ദ് ചരൺ പറഞ്ഞു. അജ്മീർ റേഞ്ച് ഐജി ലതാ മനോജ് കുമാറിന്റെ നിർദേശപ്രകാരമാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
സ്കൂൾ-കോളജ് വിദ്യാർഥിനികളെ കുടുക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 30നാണ് പോക്സോ പ്രകാരം പോലീസ് കേസെടുത്തത്.
പരാതി പ്രകാരം, 2023 ഒക്ടോബറിൽ ഒരു സുഹൃത്ത് മുഖേനയാണ് പെൺകുട്ടി ഇർഫാനെ പരിചയപ്പെട്ടത്. തുടർന്ന് ഇർഫാൻ അവളുമായി സൗഹൃദം സ്ഥാപിക്കുകയും ഇൻസ്റ്റാഗ്രാം യൂസർ ഐഡിയും പാസ്വേഡും വാങ്ങുകയും ചെയ്തു.
ചില ചിത്രങ്ങൾ മോർഫ് ചെയ്ത് കുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പെൺകുട്ടിയോട് അഞ്ച് ലക്ഷം രൂപ ഇർഫാൻ ആവശ്യപ്പെട്ടു. ഇതോടെ ഇർഫാന് നൽകാൻ പെൺകുട്ടി വീട്ടിൽ നിന്നും പണം മോഷ്ടിക്കാൻ ആരംഭിച്ചു.
2024 മാർച്ചിൽ ഇർഫാൻ പെൺകുട്ടിയിൽ നിന്നും പണം വാങ്ങാൻ എത്തിയപ്പോൾ അർബാസ് എന്നയാളും കൂടെയുണ്ടായിരുന്നു. പണം വാങ്ങിയശേഷം ശേഷം ഇർഫാൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
മറ്റ് ചില സ്കൂൾ-കോളജ് വിദ്യാർഥിനികൾക്കൊപ്പവും പ്രതികളെ കണ്ടിട്ടുണ്ടെന്നും അതിനാൽ കൂടുതൽ കുട്ടികൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
പെൺകുട്ടിയെ പ്രതിക്ക് പരിചയപ്പെടുത്തിയ സുഹൃത്തിന്റെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മറ്റ് ആളുകളെ പിടികൂടാനും വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുമുണ്ട്.