കുത്തൊഴുക്കുള്ള വെള്ളത്തിൽ മുങ്ങിയ പോത്തിനെ സാഹസികമായി രക്ഷപെടുത്തി
Tuesday, May 28, 2024 6:48 PM IST
തിരുവനന്തപുരം: നെടുമങ്ങാട് പത്താൻകല്ലിൽ കിള്ളിയാർ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പോത്തിനെ സാഹസികമായി രക്ഷപെടുത്തി. കഴുത്തിൽ കയർ കെട്ടി വെള്ളത്തിൽ മുങ്ങിത്താണ പോത്തിനെ നാട്ടുകാരും അഗ്നിശമന സേന ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷപെടുത്തിയത്.
പോത്തിനെ പറമ്പിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കിള്ളിയാർ കരകവിഞ്ഞതോടെ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. ഇതോടെ പോത്തും വെള്ളത്തിൽ മുങ്ങിത്താണു.
പോത്തിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. ഇന്ന് വൈകിട്ടോടെ പോത്തിനെ വെള്ളത്തിൽ നിന്നും രക്ഷപെടുത്തി.