ബാർ കോഴ വിവാദം: ഓഫീസിനുവേണ്ടി പണംപിരിക്കാൻ തീരുമാനിച്ചത് മാസങ്ങൾക്കു മുമ്പേ?
Monday, May 27, 2024 12:47 PM IST
തിരുവനന്തപുരം: ബാറുടമകളുടെ സംഘടനയ്ക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിക്കാൻ നിർദ്ദേശിച്ചതെന്ന വാദം തെറ്റാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. മദ്യനയത്തിലെ ഇളവിന് രണ്ടര ലക്ഷം ആവശ്യപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നത് വിവാദമായപ്പോൾ തിരുവനന്തപുരത്ത് കെട്ടിടം നിർമിക്കാനാണ് പണം പിരിക്കുന്നതെന്നായിരുന്നു ബാറുടമകളുടെ സംസ്ഥാന നേതാവ് പ്രതികരിച്ചത്.
എന്നാൽ ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മാസങ്ങൾക്ക് മുമ്പ് വന്ന സ്ക്രീൻ ഷോട്ടിൽ കെട്ടിടം ഫണ്ടിലേക്ക് നൽകേണ്ടത് ഒരു ലക്ഷമാണെന്ന് കൃത്യമായി പറയുന്നുണ്ട്.
ഇപ്പോൾ മദ്യനയത്തിൽ ഇളവിനു വേണ്ടി രണ്ടരലക്ഷം പിരിക്കണമെന്ന ഓഡിയോ പുറത്തുവന്നപ്പോൾ അത് കെട്ടിടം വാങ്ങാനെന്ന് പറഞ്ഞ് തലയൂരാൻ ബാറുടമകൾ ശ്രമിക്കുകയാണെന്നാണ് സൂചന.
എക്സിക്യൂട്ടീവ് അംഗങ്ങളിൽനിന്ന് വായ്പയായാണ് തുക ആവശ്യപ്പെട്ടതെന്നാണ് ബാറുടമകളുടെ സംഘടനയുടെ പ്രസിഡന്റ് പറഞ്ഞത്. ഓഡിയോയിൽ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്.
ഓഡിയോയിൽ കെട്ടിടത്തിന്റെ കാര്യം പറയുന്നതേ ഇല്ല. കെട്ടിടത്തിനായി നേരത്തെ ഒരുലക്ഷം നൽകിയവരോട് തന്നെയാണ് രണ്ടരലക്ഷം കൂടി ആവശ്യപ്പെട്ടതെന്നാണ് വിവരം.