ജയലളിത ഹിന്ദുത്വ നേതാവെന്ന് അണ്ണാമലൈ; ദ്രാവിഡ നേതാവായാണ് ജീവിച്ച് മരിച്ചതെന്ന് ശശികല
Sunday, May 26, 2024 4:37 AM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ഹിന്ദുത്വ നേതാവായിരുന്നുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. ജയലളിതയുടെ മരണത്തോടെ ഹിന്ദുത്വ ആശയങ്ങളിൽ നിന്ന് എഐഎഡിഎംകെ തെന്നിമാറിയെന്നും അണ്ണാമലൈ പറഞ്ഞു.
ഈ വിടവ് നികത്താനുള്ള അവസരം ബിജെപിക്ക് മുന്നിലുണ്ട്. ജയലളിത ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട്ടിൽ മാറ്റാരേക്കാൾ വലിയ ഹിന്ദുത്വ നേതാവായിരുന്നിരിക്കും. ബിജെപി നേതാക്കളല്ലാതെ മറ്റൊരു നേതാവ് ആദ്യമായി അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചിട്ടുണ്ടെങ്കിൽ അത് ജയലളിതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഹിന്ദു ഐഡന്റിറ്റി പരസ്യമായി പ്രകടിപ്പിച്ച നേതാവായിരുന്നു ജയലളിത. ബിജെപിയും ജയലളിത നേതാവായ പാർട്ടിയും ഒരുമിച്ച് മത്സരിക്കുമ്പോൾ ഒരു ഹിന്ദു വോട്ടർ ഉറപ്പായും ജയലളിതയ്ക്കൊപ്പമായിരിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.
എന്നാൽ അവസാനശ്വാസം വരെ ദ്രാവിഡ നേതാവായാണ് ജയലളിത ജീവിച്ചതെന്ന് ജയലളിതയുടെ തോഴി ശശികല പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾ തരണം ചെയ്ത നേതാവാണ് അമ്മ. എല്ലാ മതവിഭാഗങ്ങളും ആഘോഷിച്ചിരുന്ന നേതാവായിരുന്നു ജയലളിതയെന്നും അവർ പ്രതികരിച്ചു.
ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നെങ്കിലും ഒരു മതത്തിൽ മാത്രം വിശ്വസിക്കുന്ന ആളായിരുന്നില്ല. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായിരുന്നു അവരുടെ ജീവിതം. ജയലളിതയെ കുറിച്ചുള്ള അറിവില്ലായ്മയാണ് അണ്ണാമലൈയുടെ വാക്കുകളിലെന്ന് ശശികല വ്യക്തമാക്കി.