കാനിൽ ഇന്ത്യൻ നേട്ടം; ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ന് ഗ്രാന്‍ പ്രീ പുരസ്കാരം
Saturday, May 25, 2024 11:58 PM IST
പാരീസ്: കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ പ്രീ പുരസ്കാരം നേടി പായല്‍ കപാഡിയയുടെ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’. പായൽ കബാഡിയ ഒരുക്കിയ ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. സീന്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ എന്ന ചിത്രത്തിനാണ് ഇത്തവണത്തെ പാംദോര്‍ പുരസ്കാരം.
ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ മെഗാലോപോളിസ്, സീന്‍ ബേക്കറുടെ അനോറ, യോര്‍ഗോസ് ലാന്തിമോസിന്റെ കൈന്‍ഡ്സ് ഓഫ് ദയ, പോള്‍ ഷ്രാഡറിന്റെ ഓ കാനഡ, മാഗ്നസ് വോണ്‍ ഹോണിന്റെ ദി ഗേള്‍ വിത്ത് ദ നീഡില്‍, പൗലോ സോറന്റീനോയുടെ പാര്‍ഥെനോപ്പ് എന്നിവയും കാന്‍ ഫെസ്റ്റിവലില്‍ മത്സരിച്ചു.
1994 ല്‍ ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയില്‍ നിന്ന് കാന്‍ ഫെസ്റ്റിവല്‍ മത്സര വിഭാഗത്തില്‍ യോഗ്യത നേടിയ ചിത്രം.