ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം വേണം; ഡിജിപിക്ക് പരാതി നൽകി എക്സൈസ് മന്ത്രി
Friday, May 24, 2024 1:45 PM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്ക് കത്ത് നല്കി. ഇത് സംബന്ധിച്ച് പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.
മദ്യനയം രൂപീകരിക്കുന്നതിന് മുമ്പാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ പറയുന്നു.
മദ്യനയത്തിന്റെ പേരില്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബാര്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലുമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കും. ഇത്തരത്തിലുള്ള തെറ്റായ പ്രവണത സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.