പ്രണയം എതിര്‍ത്തു; പെണ്‍കുട്ടി പിതാവിനെ കഴുത്തറുത്ത് കൊന്നു, സഹോദരനെ ചുറ്റികയ്ക്കടിച്ചു
Wednesday, May 22, 2024 11:03 AM IST
ലക്നോ: പ്രണയം എതിര്‍ത്ത പിതാവിനെ കാമുകന്റെ സഹായത്തോടെ 17 കാരി കൊലപ്പെടുത്തി. അക്രമത്തിനിരയായ സഹോദരന് ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. വില്ലേജ് ഡെവലപ്മെന്റ് ഓഫീസറായ 50 കാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയുടെ പ്രണയം കുടുംബം അറിഞ്ഞത്. ഇതോടെ പിതാവ് കുട്ടിയെ ശകാരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമുണ്ടായി. ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി കാമുകന്റെ സഹായത്തോടെ കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന്‍പ്രകാരം തിങ്കളാഴ്ച രാത്രി പെണ്‍കുട്ടി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. കുടുംബാംഗങ്ങള്‍ അബോധാവസ്ഥയിലായപ്പോള്‍ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ശേഷം സോ ബ്ലേഡ് ഉപയോഗിച്ച് പിതാവിന്റെ കഴുത്തറുത്തു. പിന്നീട് ചുറ്റിക കൊണ്ട് സഹോദരനെ ആക്രമിച്ചു.
എന്നാല്‍ ഇയാളുടെ നിലവിളി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പിന്നീട് വിവരം പോലീസിനെ അറിയിച്ചു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിതാവ് ചൊവ്വാഴ്ചയോടെ മരിച്ചു. സഹോദരന് ചികിത്സയിലാണ്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രഥമദൃഷ്ട്യാ കുറ്റകൃത്യം പ്രണയവുമായി ബന്ധപ്പെട്ടതാണെന്നും കനൗജ് പോലീസ് പറയുന്നു. പെണ്‍കുട്ടിയും കാമുകനും കുറ്റം സമ്മതിച്ചതായാണ് വിവരം.