60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: നിതിൻ ഗഡ്കരി
Wednesday, May 22, 2024 1:43 AM IST
ന്യൂഡൽഹി: 60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്തെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദേശീയ തലസ്ഥാനത്ത് മലിനീകരണമില്ലാത്ത വായുവും വെള്ളവും വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ഗഡ്കരി ജനങ്ങളോട് ആവശ്യപ്പെട്ടു.
വെസ്റ്റ് ഡൽഹിയിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥി കമൽജീത് സെഹ്രാവത്തിനെ പിന്തുണച്ചുള്ള തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പ് അതിന്റെ ശരിയായ അർത്ഥത്തിൽ രാജ്യത്തിന്റെ ഭാവി തീരുമാനിക്കാനുള്ളതാണ്. 60 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് മോദിജിയുടെ കീഴിൽ 10 വർഷം കൊണ്ട് ഞങ്ങൾ ചെയ്തു. ഞങ്ങളുടെ റിപ്പോർട്ട് കാർഡുമായി ഞങ്ങൾ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു.-അദ്ദേഹം പറഞ്ഞു. ആളുകൾ പിന്തുണയ്ക്കുകയാണെങ്കിൽ, കമൽജീത് സെഹ്രാവത്ത് വികസനത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
താമര ചിഹ്നത്തെയും ബിജെപിയെയും തെരഞ്ഞെടുക്കുക. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. ഡൽഹിയെ ജലമലിനീകരണം, ശബ്ദമലിനീകരണം, വായു മലിനീകരണം എന്നിവയിൽ നിന്ന് മുക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കണം. ഈ മൂന്ന് കാര്യങ്ങൾ സംഭവിക്കും. ഡൽഹിക്കാരുടെ ആയുസ് 10 വർഷം വർധിക്കും. അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് പണത്തിന്റെ കുറവില്ല, എന്നാൽ സത്യസന്ധരായ നേതാക്കളുടെ കുറവുണ്ടെന്ന് ഗഡ്കരി പറഞ്ഞു. കഴിവുള്ള നേതൃത്വത്തിന് കീഴിൽ മാത്രമേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളു. അന്തരീക്ഷ മലിനീകരണ പ്രശ്നം പരിഹരിച്ചാൽ ജനങ്ങളുടെ മെഡിക്കൽ ബില്ലിൽ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മൂന്ന് ദിവസം താമസിച്ചാൽ എനിക്കും അണുബാധയുണ്ടാകും. ഗതാഗതക്കുരുക്ക്, മലിനീകരണം, ശുചിത്വമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഡൽഹിയിലുണ്ട് . 60 വർഷമായി ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് ആരും ചിന്തിച്ചില്ല. പക്ഷേ ഞങ്ങളുടെ സർക്കാർ മാത്രമാണ് ഡൽഹിയെക്കുറിച്ച് ചിന്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.