ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
Tuesday, May 21, 2024 12:52 PM IST
പാറ്റ്ന: ബിഹാറിലെ സരണില്‍ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ബിജെപി-ആര്‍ജെഡി സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ ഒരാള്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
തിങ്കളാഴ്ച വോട്ടെടുപ്പിനിടെ സരണിലെ ആര്‍ജെഡി സ്ഥാനാര്‍ഥിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ രോഹിണി ആചാര്യ ചപ്രയിലെ ഒരു ബൂത്തിലെത്തിയതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ തര്‍ക്കമാണ് ഇന്ന് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.
അതേസമയം സരണിലെ സിറ്റിംഗ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയാണ് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാര്‍ഥി.