കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
Sunday, May 19, 2024 11:54 AM IST
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തലസ്ഥാനത്ത് എൽപിജി ടാങ്കർ ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലപുരത്ത് ഇന്നു പുലർച്ചെ നാലോടെയാണ് അപകടം. ശക്തമായ മഴയായതിനാൽ മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ വഴിതെറ്റി സർവീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി.
വാതകചോർച്ച ഇല്ലാത്തതിനാൽ ഡ്രൈവർ പോലീസിൽ വിവരമറിയിച്ചില്ല. പിന്നീട് രാവിലെ ഏഴരയോടെയാണ് പോലീസ് വിവരമറിഞ്ഞത്. മംഗലപുരം പോലീസും കഴക്കൂട്ടം ഫയർ ഫോഴ്സും സ്ഥലത്തെത്തി.