ബ്രിജ് ഭൂഷണിനെതിരേ ഉയർന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ: കരൺ ഭൂഷൺ സിംഗ്
Sunday, May 19, 2024 6:45 AM IST
നോയ്ഡ: പിതാവിനെതിരേ ഉയർന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളെന്ന് ബിജെപി സ്ഥാനാർഥിയും ബ്രിജ് ഭൂഷൺ സിംഗിന്റെ മകനുമായ കരൺ ഭൂഷൺ സിംഗ്. പിതാവിനെപ്പോലെ ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്ന് കരൺ ഭൂഷൺ പറഞ്ഞു.
ജനങ്ങൾ എന്റെ പിതാവിനെ പിന്തുണയ്ക്കുകയും എന്റെ കുടുംബത്തോടൊപ്പം നിൽക്കുകയുംചെയ്തു. ഈ പിന്തുണ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ കൈസർഖഞ്ചിലെ ബിജെപി സ്ഥാനാർഥിയാണ് കരൺ ഭൂഷൺ, ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും എംപിയുമായിരുന്ന ബ്രിജ് ഭൂഷൺ സിംഗിന്റെ മകനാണ് കരൺ.
ഗുസ്തി താരങ്ങളുടെ ലൈംഗീകാതിക്രമ പരാതിയെതുടർന്ന് ബ്രിജ് ഭൂഷണ് ഇത്തവണ ബിജെപി സീറ്റ് നൽകിയില്ല. പകരം മകൻ കരണിനാണ് സ്ഥാനാർഥിയാകാൻ അവസരം നൽകിയത്. ലോക്സഭയിലേക്കുള്ള കന്നി മത്സരമാണ് കരൺ ഭൂഷണിന്റേത്.