ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
Wednesday, May 15, 2024 12:15 AM IST
കൊച്ചി: ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെയും വികസനത്തിന്റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്.
രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളറിൽ നിന്ന് ഒമ്പത് മുതൽ പത്ത് ബില്യൺ ഡോളർ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് ഈ മാറ്റം നൽകുന്നതെന്നും സോമനാഥ് പറഞ്ഞു.
ഐഎസ്ആർഒയുടെ വിവിധ ദൗത്യങ്ങൾക്കായി വികസിപ്പിച്ച സാങ്കേതികവിദ്യയിൽ നിന്ന് 400 സ്വകാര്യമേഖലാ കമ്പനികൾ പ്രയോജനം നേടിയിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ ബഹിരാകാശ മേഖലയിലെ പുതിയ നയ സംരംഭങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ എസ്എഫ്ഒ ടെക്നോളജീസ് പോലുള്ള കമ്പനികൾ മികച്ച നിലയിലാണെന്നും സോമനാഥ് വ്യക്തമാക്കി.