പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Thursday, April 25, 2024 11:27 AM IST
പത്തനംതിട്ട: കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തിയെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥരെ എത് ബൂത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നതെന്ന് അവര്‍ക്ക് അറിയാന്‍ കഴിയുക. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് പുറത്തുവന്നെന്നാണ് ആരോപണം.
പത്തനംതിട്ടയിലെ പോളിംഗ് ഓഫീസര്‍മാരില്‍ 85 ശതമാനം പേരും ഇടത് അനുകൂലികളാണ്. ഇവരുടെ ലിസ്റ്റ് സിപിഎം അനുകൂല സംഘടനകള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചെന്ന് എംപി ആരോപിച്ചു.
പോളിംഗ് ഓഫീസര്‍മാര്‍ തങ്ങളുടെ ആളുകളായതിനാല്‍ അവിടെ കള്ളവോട്ട് ചെയ്യാമെന്നും പ്രചാരണം നടത്തുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് പോളിംഗ് ഓഫീസര്‍മാരുടെ ലിസ്റ്റ് ചോരുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആന്റോ ആന്റണി പ്രതികരിച്ചു.
വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഒരു മണിക്കൂറിനകം നടപടിയുണ്ടാകുമെന്നും കളക്ട്രേറ്റിൽനിന്ന് അധികൃതര്‍ അറിയിച്ചു. വിഷയത്തിൽ നടപടിയെടുക്കുന്നതുവരെ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.