മൈക്രോസ്കോപ്പിലൂടെ നോക്കണോ എന്ന് കോടതി; നിരുപാധികം മാപ്പ് പറഞ്ഞ് വീണ്ടും പതഞ്ജലിയുടെ പരസ്യം
Wednesday, April 24, 2024 1:19 PM IST
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കോടതിലക്ഷ്യക്കേസില്‍ ഖേദം പ്രകടിപ്പിച്ച് പത്രങ്ങളില്‍ വീണ്ടും പരസ്യം നല്കി പതഞ്ജലി ആയുർവേദ. പതഞ്ജലി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം ഇത്തവണ കൂടുതൽ വലിപ്പത്തിലാണ് നൽകിയിരിക്കുന്നത്.
പരസ്യത്തിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായും പതഞ്ജലി ആയുർവേദയുടെ പേരിലുമാണ് മാപ്പ് അപേക്ഷ. "നിരുപാധികം പരസ്യമായി മാപ്പ് പറയുന്നു, തെറ്റിദ്ധരിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയതിൽ മാപ്പുചോദിക്കുന്നു, ഇത്തരത്തിലുള്ള തെറ്റായ പ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല'- എന്നാണ് പരസ്യത്തിൽ പറയുന്നത്.
പതഞ്ജലി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച മാപ്പപേക്ഷ മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്കുന്ന വലുപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും കോടതി ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്കാമെങ്കില് എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും അത്രയും തുക ചെലവഴിച്ചുകൂടാ എന്ന് സുപ്രീം കോടതി ആരാഞ്ഞു.
പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തതിനും കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ വലിപ്പത്തില്‍ പതഞ്ജലി പരസ്യം നല്‍കിയത്. ദിനപത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിലാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള ഇന്നത്തെ പരസ്യം.