കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
Wednesday, April 24, 2024 12:09 PM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ചോദ്യം ചെയ്യലിനായി ഇന്നും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഹാജരാകില്ല. കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാന്‍ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണുമാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വര്‍ഗീസിന് ഇഡി നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് ഹാജരാകാനായി വീണ്ടും നോട്ടീസ് നല്‍കിയത്.
ഇത് ആറാം തവണയാണ് വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ ഹാജരാകാന്‍ കഴിയില്ലെന്നാണ് വര്‍ഗീസ് നേരത്തെ ഇഡിയെ അറിയിച്ചത്. ഇത് തള്ളിയാണ് ഇഡി പുതിയ നോട്ടീസ് നല്‍കിയത്.
സിപിഎമ്മിന്റെ ഏരിയ കമ്മിറ്റികള്‍ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനും ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബെനാമി വായ്പകള്‍ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.