യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: സിപിഎം
Wednesday, April 24, 2024 5:24 AM IST
തിരുവനന്തപുരം: യുഡിഎഫും ബിജെപിയും മദ്യവും പണവുമൊഴുക്കിയും അക്രമം നടത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ലക്ഷക്കണക്കിന് രൂപയാണ് ബിജെപിയും യുഡിഎഫും സംഭരിച്ചിരിക്കുന്നതെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.
പരാജയമുറപ്പിച്ച സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുകയാണ്. പ്രകോപനം സൃഷ്ടിച്ച് അക്രമത്തിനുള്ള ഗൂഢാലോചനയും നടത്തുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു.
ശക്തമായ വർഗീയപ്രചരണങ്ങളും ഇനിയുള്ള ദിവസങ്ങളിൽ ഉയർന്നുവന്നേക്കും. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വം നൽകുകയാണ്. ഇതിനെ ഉറച്ച മതനിരപേക്ഷ നിലപാടിൽ നിന്നുകൊണ്ട്പ്രതിരോധിക്കാൻ സാധിക്കണമെന്നും സിപിഎം വ്യക്തമാക്കി.