തെരുവുനായയുടെ കടിയേറ്റു; 22-ാം നാൾ പേവിഷ ബാധയേറ്റു മരിച്ചു
Tuesday, April 23, 2024 8:18 PM IST
ആലുവ: കെഎസ്ആർടിസി പരിസരത്ത് തെരുവുനായയുടെ കടിയേറ്റ 13 യാത്രക്കാരിലൊരാൾ മരിച്ചു. പെരുമ്പാവൂർ ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് മരിച്ചത്. ഏപ്രിൽ ഒന്നിനും രണ്ടിനും കെഎസ്ആർടിസി പരിസരത്തും റെയിൽവേ സ്റ്റേഷൻ റോഡിലും കണ്ണിൽ കണ്ടവരെയെല്ലാം തെരുവുനായ കടിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ടയാളാണ് പത്രോസ്.
ചുണ്ടിലേറ്റ മുറിവു കാരണമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. അന്ന് ആദ്യ ഡോസ് വാക്സിൽ പത്രോസിന് നൽകിയിരുന്നു. ഒരാഴ്ച മുമ്പ് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് പേ വിഷബാധ പ്രകടിപ്പിച്ചത്. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
സംഭവ ദിവസം തന്നെ കടിയേറ്റ എല്ലാവർക്കും പ്രഥമ ചികിത്സ ആലുവ ജില്ലാശുപത്രിയിൽനിന്നും എറണാകുളം മെഡിക്കൽ കോളജിൽനിന്നും നൽകിരുന്നു. നായയെ പിന്നീട് പ്രത്യേക പരിശീലനമുള്ളവർ വൈക്കത്ത് നിന്നെത്തി പിടികൂടി കൂട്ടിലിട്ടു. അടുത്ത ദിവസം നായ ചത്തതോടെ മണ്ണൂത്തിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
തുടർന്ന് കടിയേറ്റഴരോട് പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ആദ്യദിവസമെടുക്കുന്ന ഇഞ്ചക്ഷന് പുറമെ മൂന്ന്, ഏഴ്, 26 ദിവസങ്ങളിലും ഇഞ്ചക്ഷൻ എടുക്കണമെന്നായിരുന്നു നിർദേശം.
കൂടാതെ നാലു ദിവസംകൊണ്ട് നൂറുകണക്കിന് തെരുവുനായകളെ ആലുവ മുനിസിപ്പാലിറ്റിയിൽ വാർഡ് തിരിച്ച് പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടികൂടി വാക്സിൻ നൽകിയിരുന്നു.