രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണം; ഹര്‍ജി ഹൈക്കോടതി തള്ളി
Tuesday, April 23, 2024 1:59 PM IST
കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക നിരസിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞതിനാല്‍ വിഷയം തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയേ ഇനി ഉന്നയിക്കാനാകുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ വി.ജി. അരുണ്‍, എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക ആവണി ബന്‍സാല്‍, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാംഗ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ മറച്ചുവെച്ചുവെന്നായിരുന്നു ആക്ഷേപം. എന്നാൽ പോസ്റ്റല്‍ ബാലറ്റ് പോളിംഗ് വരെ നടന്നുകഴിഞ്ഞെന്ന് തെരഞ്ഞെടുപ്പ്കമ്മീഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.