മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
Tuesday, April 23, 2024 11:58 AM IST
ക്വാലാലംപുര്‍: മലേഷ്യയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര് മരിച്ചു. ചൊവ്വാഴ്ച രാവിലെ 9.32ന് പടിഞ്ഞാറന്‍ സംസ്ഥാനമായ പെരാക്കിലെ മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടം.
റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള സൈനിക പരിശീലനപറക്കലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്. വിവിധ ഹെലിക്കോപ്റ്ററുകള്‍ പറന്നുയരുന്നതിനിടെ എച്ച്ഒഎം എം503-3, ഫെനെക് എം 502-6 എന്നീ ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കുകയായിരുന്നു.
ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ലുമുട്ട് ആര്‍മി ബേസ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് റോയല്‍ മലേഷ്യന്‍ നേവി അധികൃതര്‍ വ്യക്തമാക്കി.