സുഗന്ധഗിരി മരംമുറി: വിശദീകരണം തേടാതെ ഡിഎഫ്ഒയ്ക്കെതിരേ നടപടിയെടുത്തത് തെറ്റെന്ന് വനംമന്ത്രി
Saturday, April 20, 2024 1:30 PM IST
വയനാട്: സുഗന്ധഗിരി മരംമുറി കേസില്‍ വയനാട് ഡിഎഫ്ഒയ്ക്കെതിരെയുള്ള സസ്പെന്ഷന് നടപടി തെറ്റായിപ്പോയെന്ന് സമ്മതിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ഡിഎഫ്ഒയുടെ വിശദീകരണം ലഭിക്കുന്നതിന് മുമ്പ് നടപടിയെടുക്കാന്‍ പാടില്ലായിരുന്നെന്ന് മന്ത്രി പ്രതികരിച്ചു.
വയനാട് സൗത്ത് ഡിഎഫ്ഒ ഷജനയുടെ സസ്പെന്ഷന് മരവിപ്പിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഡിഎഫ്ഒയുടെ വിശദീകരണം തേടാതെയാണ് സസ്പെന്ഷന് ഉത്തരവ് ഇറങ്ങിയത്. അതുകൊണ്ടാണ് സസ്പെന്ഷന് പിന്‍വലിച്ചതെന്ന് മന്ത്രി പറഞ്ഞു.
നടപടിക്രമം പാലിക്കാതെയുള്ള ഉത്തരവായതിനാല്‍ കോടതിയില്‍ പോയാല്‍ ഉത്തരവ് നിലനില്‍ക്കില്ല. അതിനാലാണ് നിയമപരമായ പിഴവ് തിരുത്തിയത്. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണ് പിഴവു പറ്റിയ കാര്യം അറിഞ്ഞത്. രാഷ്ട്രീയ ഇടപെടലുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.