നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
Saturday, April 20, 2024 10:04 AM IST
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് ഇടപെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ താന്‍ നിയമോപദേശം തേടിയിട്ടുണ്ട്.
ബാങ്കുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള നീക്കം നടത്താന്‍ ഇഡിയോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതുപോലെ പിടിച്ചെടുത്ത 17,000 കോടി രൂപ രാജ്യത്താകമാനം തങ്ങള്‍ തിരികെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായി മുന്നൂറോളം സഹകരണ ബാങ്കുകളുണ്ട്. ഒരുലക്ഷം കോടിയോളം രൂപ ഈ ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നു. എന്നാല്‍ ബാങ്കുകള്‍ ഭരിക്കുന്നവര്‍ ഈ പണംകൊണ്ട് വസ്തുവകകള്‍ വാങ്ങിക്കൂട്ടിയെന്ന് അദ്ദേഹം ആരോപിച്ചു.
സിബിഐയും ഇഡിയും പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല. അഴിമതി തുടച്ച് നീക്കണമെങ്കില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്സികള്ക്കാകണം. പ്രധാനമന്ത്രിക്കാണെങ്കില്‍ പോലും ഇഡിയെ തടസപ്പെടുത്താന്‍ അധികാരമില്ലെന്നും മോദി പറഞ്ഞു.
2014 ന് മുന്‍പ് 1,800ല്‍ താഴെ കേസുകളായിരുന്നു ഇഡി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ10 വര്‍ഷത്തിനിടെ 5,000ത്തിന് മുകളില്‍ കേസുകളെടുത്തു. യുപിഎ കാലത്ത് 5,000 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. എന്‍ഡിഎയുടെ കാലത്ത് 1.25 ലക്ഷം കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ഇത് ഇഡിയുടെ കാര്യക്ഷമത തെളിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.