കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്ത്?: മാസപ്പടിയിൽ വിശദീകരണം തേടി കോടതി
Friday, April 19, 2024 3:29 PM IST
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് നല്കിയ ഹര്‍ജിയില്‍ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി.
കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്നും കരാര്‍ എന്തായിരുന്നു എന്നും കോടതി ആരാഞ്ഞു. കൂടാതെ സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും തമ്മിലുള്ള ബന്ധം, കരാറിലൂടെ ഇരു കമ്പനികളുടെയും നേട്ടം, കമ്പനികളുടെ ഭൂമിയുടെ വിനിയോഗം തുടങ്ങിയവയിൽ വ്യക്ത വരുത്താനും കുഴൽനാടന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
ആവശ്യമായ രേഖകൾ സമർപ്പിക്കാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഐആര്‍ഇഎല്ലില്‍ കുറഞ്ഞ നിരക്കിലാണ് സിഎംആര്‍എല്‍ ധാതുമണല്‍ വാങ്ങുന്നതെന്ന് കുഴല്നാടന് കോടതിയെ അറിയിച്ചു. ഇതിന്റെ ഇവേ ബില്‍ ഹാജരാക്കി. കുറഞ്ഞ നിരക്കിലാണോ സ്വകാര്യ കമ്പനിക്ക് മണല്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് കേസ് ഈ മാസം 25 ന് പരിഗണിക്കാന്‍ മാറ്റി. കേസിൽ നേരത്തെ വാദം പൂർത്തിയായിരുന്നു. വിധിപകർപ്പ് തയാറാക്കുന്നത് പൂർത്തിയാകാത്തതിനാലാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. വിശദീകരണം കോടതി പരിശോധിച്ചശേഷം വിധിയുണ്ടാകും.
ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍.