പീഡനക്കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍
Wednesday, April 17, 2024 9:39 AM IST
കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ മരിച്ചനിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എം.വി. സൈജു ആണ് മരിച്ചത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നേരത്തെ, ഇയാള്‍ പീഡനക്കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മലയിന്‍കീഴ് സർക്കിൾ ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജുവിനെതിരേ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പോലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു ഒരു പരാതി.
ഈ കേസില്‍ ജാമ്യം ലഭിക്കാന്‍ പോലീസ് ജിഡി റജിസ്റ്ററില്‍ സൈജു കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു.