എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ; മികച്ച വർഷത്തിനായി പ്രാർഥിക്കുന്നു: വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Sunday, April 14, 2024 2:51 PM IST
ന്യൂഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമമായ എക്സിലൂടെ മലയാളത്തിലാണ് അദ്ദേഹം വിഷു ആശംസകൾ അറിയിച്ചത്.
‘വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വർഷത്തിനായി പ്രാർഥിക്കുന്നു. ഈ വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവർക്കും വിഷു ആശംസകൾ.’ എന്നായിരുന്നു പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പ്. മലയാളത്തിന് പുറമേ ഇംഗ്ലീഷിൽ ആശംസ അറിയിച്ചുകൊണ്ടുള്ള കാർഡും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ വിഷുവിന് പകരമായി നടക്കുന്ന ആഘോഷങ്ങളായ രംഗോലി ബിഹു, മഹാ ബിഷുബാ പന സംക്രാന്തി, തമിഴ് പുത്താണ്ട്, ഷുബോ നബബർഷോ ആശംസകളും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിക്കു പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായും മലയാളത്തിൽ വിഷു ആശംസകൾ നേർന്നു. ‘വിഷുവിന്റെ സന്തോഷ വേളയിൽ കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആശംസകൾ. പുതുമയുടെയും അനുഗ്രഹങ്ങളുടെയും ഈ ആഘോഷം, എല്ലാവർക്കും ആഗ്രഹ സഫലീകരണത്തിന്റെയും സന്തോഷത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും ഒരു വർഷം കൊണ്ടുവരട്ടെ. എല്ലാവർക്കും ഐശ്വര്യപൂർണമായ ഒരു വിഷുവിനായി ഞാൻ ഈശ്വരനോട് പ്രാർഥിക്കുന്നു.’- അമിത് ഷാ എക്സിൽ കുറിച്ചു.
നേരത്തെ, രാഷ്ട്രപതി ദ്രൗപദി മുർമു, ബംഗാൾ ഗവർണർ സിവി ആനന്ദ് ബോസ് തുടങ്ങി നിരവധി പ്രമുഖർ മലയാളികൾക്ക് വിഷു ആശംസകൾ അറിയിച്ചിരുന്നു.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുയോഗങ്ങളില്‍ മോദി പങ്കെടുക്കും.
രാത്രി 8.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ നാവിക വിമാനത്താവളത്തിലെത്തി റോഡ് മാര്‍ഗം എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ എത്തും. രാത്രി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ തൃശൂരിലേക്കു പോകും. അവിടെ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുന്നംകുളം ചെറുവട്ടാനിയില് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് ആറ്റിങ്ങലിലെത്തുന്ന അദ്ദേഹം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. തിരികെ കൊച്ചിയിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.50ന് ഡല്‍ഹിയിലേക്കു മടങ്ങും.