സല്മാന് ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിവയ്പ്പ്
Sunday, April 14, 2024 9:06 AM IST
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിവയ്പ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. ഇരുചക്രവാഹനത്തില്‍ എത്തിയ അജ്ഞാതന്‍ വീടിന് നേരെ പല തവണ വെടിയുതിര്‍ത്ത ശേഷം കടന്നുകളയുകയായിരുന്നു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഉന്നമിട്ടിരിക്കുന്ന പത്ത് പ്രമുഖരില്‍ ഒരാളാണ് സല്മാന് ഖാനെന്ന് എന്‍ഐഎ നേരത്ത വെളിപ്പെടുത്തിയിരുന്നു. തന്റെ സഹായി നെഹ്റ താരത്തിന്റെ ബാന്ദ്രയിലെ വസതി നിരീക്ഷിക്കുന്നതായി ബിഷ്ണോയിയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നാലെ നെഹ്റ ഹരിയാന പോലീസിന്റെ പിടിയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സല്മാന് ഖാന് ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയതോടെ താരത്തിന്റെ സുരക്ഷ വൈ പ്ലസ് ആയി ഉയര്‍ത്തിയിരുന്നു.