പോഷകസംഘടനകൾ ഞങ്ങൾക്കില്ല, സ്ഫോടനക്കേസിൽ ഡിവൈഎഫ്ഐക്ക് ബന്ധമുണ്ടെങ്കിൽ അവരോട് ചോദിക്ക്: ഗോവിന്ദൻ
Thursday, April 11, 2024 7:40 PM IST
തിരുവനന്തപുരം: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
സംഭവത്തിൽ സംസ്ഥാന കമ്മറ്റിക്ക് യാതൊരു ബാധ്യതയുമില്ല. കേസുമായി ബന്ധപ്പെട്ട ഒന്നിലും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇങ്ങോട്ട് ആക്രമിക്കപ്പെടുകയും സഖാക്കളെ കൊല്ലുകയും ചെയ്തപ്പോൾ അക്രമിക്കില്ലാ എന്ന നിലപാട് പാർട്ടി സ്വീകരിച്ചതാണെന്നും ജനങ്ങളെ അണിനിരത്തുകയാണ് ഞങ്ങളുടെ പരിപാടിയെന്നും ഗോവിന്ദൻ പറഞ്ഞു.
പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്ഐക്കാരോട് ചോദിക്കെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.