ഡൽഹിയിൽ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു
Wednesday, April 10, 2024 4:55 PM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ഡൽഹിയിൽ സാമൂഹ്യ ക്ഷേമമന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് പാർട്ടി അംഗത്വമടക്കമാണ് അദ്ദേഹം രാജിവച്ചത്.
അഴിമതിക്കെതിരെ പോരാടാനുള്ള ആംആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് താൻ അതിൽ ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് താൻ രാജിവയ്ക്കാൻ തീരുമാനിച്ചതെന്നും രാജ് കുമാർ പറഞ്ഞു.
അതേസമയം മദ്യ നയക്കേസിൽ ഇഡി നേരത്തെ രാജ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. രാജ് കുമാറിന്റെ വസതിയിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. പാർട്ടിക്കുള്ളിൽ ദളിത് വിരുദ്ധ നടപടികളാണെന്നും ഇനിയും പാർട്ടിയിൽ തുടരാനാകില്ലെന്നും രാജ് കുമാർ കൂട്ടിച്ചേർത്തു.
ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജിയെന്നതും ശ്രദ്ധേയമാണ്.