റുതുരാജ് ഗെയ്ക്വാദ് മുന്നിൽ നിന്ന് നയിച്ചു; ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും വിജയവഴിയില്‍
Tuesday, April 9, 2024 12:28 AM IST
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
സ്കോര്‍: കോല്‍ക്കത്ത നൈറ്റ് റൈഡേ്ഴ്സ് 137-9. ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ 141-3. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണെടുത്തത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ 17.4 ഓവറിൽ വിജയ റൺസ് കുറിച്ചു. രണ്ട് തുടര്‍ തോല്‍വികള്‍ക്കു ശേഷമാണ് ചെന്നൈ വീണ്ടും വിജയവഴിയിലെത്തിയത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സീസണിലെ ആദ്യ തോൽവിയാണിത്.
രവീന്ദ്ര ജഡേജയും തുഷാര്‍ ദേശ്പാണ്ഡെയും മൂന്നും മുസ്തഫിസുര്‍ റഹ്മാന് രണ്ടു വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തു. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കോല്‍ക്കത്തയുടെ ടോപ് സ്കോറര്‍.
58 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.