കരുവന്നൂർ കേസ്; സിപിഎം നേതാക്കൾക്ക് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം
Monday, April 8, 2024 9:46 PM IST
കൊച്ചി: കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു എന്നിവരെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു.
തൃശൂരിൽ സിപിഎമ്മിന് വിവിധ സഹകരണ ബാങ്കുകളിലുള്ള അക്കൗണ്ടുകളെക്കുറിച്ചും ആസ്തി സംബന്ധിച്ചുമായിരുന്നു ചോദ്യംചെയ്യൽ.
കൂടുതൽ ചോദ്യംചെയ്യലിനായി എം.എം. വർഗീസിനോട് 22 ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പി.കെ. ബിജുവിനോട് വ്യാഴാഴ്ച ഹാജരാകാനും ഇഡി ആവശ്യപ്പെട്ടു. ജില്ലാക്കമ്മിറ്റിയുടെ ആസ്തി വിവരങ്ങൾ ഹാജരാക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി നേതാക്കൾ വ്യക്തമാക്കി.
കരുവന്നൂരിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതുവഴി 78 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായും ഇഡി പറയുന്നു. തുടർന്ന് ഈ അക്കൗണ്ടുകൾ മരവിപ്പിച്ച് വിവരം ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഇഡി കൈമാറിയിരുന്നു.
ലോക്കല്‍ കമ്മിറ്റികളുടെ അക്കൗണ്ടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് നേരത്തെ പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രമേ ഇഡിയോട് പറയാനാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
കൈയിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങളെ നല്‍കാനാവൂ. കൈവശമില്ലാത്ത രേഖകള്‍ എങ്ങനെ കൊടുക്കാന്‍ സാധിക്കും. തനിക്ക് ഒന്നും മറച്ചുവയ്ക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.