എസ്എഫ്ഐ വീണ്ടും പ്രതിക്കൂട്ടില്‍; സര്‍വകലാശാല കലോത്സവത്തില്‍ വോളണ്ടിയറായി കത്തിക്കുത്ത് കേസ് പ്രതി
Saturday, March 16, 2024 10:51 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തില്‍ വോളണ്ടിയറായി കത്തിക്കുത്ത് കേസ് പ്രതിയും. എസ്എഫ്ഐ നെയ്യാറ്റിന്‍കര ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളജിലെ വിദ്യാര്‍ഥിയുമായ ആരോമലിനെയാണ് വോളണ്ടിയറായി ഉള്‍പ്പെടുത്തിയത്.
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ അടക്കം പ്രതിയാണ് ആരോമല്‍. 2019ലാണ് യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ എസ്എഫ്ഐ നേതാക്കന്മാര് ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഈ കേസിലെ പ്രതിയാണ് ആരോമല്‍.
സംസ്കൃത കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കേസിന്റെ പശ്ചാത്തലത്തില്‍ ഇയാളെ എസ്എഫ്ഐ മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.
കേരള സര്‍വകലാശാല കലോത്സവത്തിന് പിന്നാലെ ജീവനൊടുക്കിയ വിധികര്‍ത്താവ് ഷാജി ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചവരുടെ കൂട്ടത്തില്‍ ആരോമലും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ആവശ്യപ്പെടും.