അപകടം: വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി
Monday, March 11, 2024 7:31 PM IST
വർക്കല: കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെ വർക്കല ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഇനിയൊരു അറിയിപ്പ് നൽകുന്നതു വരെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കരുതെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെക്കുറിച്ച് ഡെപ്യൂട്ടി കളക്ടറുടെ നേത്യത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ട് പേർക്ക് സാരമായ പരിക്ക് പറ്റിയിരുന്നു.
അപകടത്തിന്റെ ഉത്തരവാദിത്തം നടത്തിപ്പുകാരുടെ തലയിൽ ചാരിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ജോയ് വാട്ടർ സ്പോർട്സ് എന്ന സ്ഥാപനത്തിനെതിരേയാണ് കേസ്.
അതേസമയം ബ്രിഡ്ജ് തകർന്നതിനെതിരേ വിമർശനവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും ആവശ്യപ്പെട്ടിരുന്നു.