""സിദ്ധാര്ഥന് മര്‍ദനമേറ്റ വിവരം മറച്ചുവച്ചു'' ; സര്‍വകലാശാല ഡീനെതിരേ സസ്പെന്‍ഷനിലായ വിസി
Sunday, March 3, 2024 11:09 AM IST
വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ ഡീനെതിരേ ആരോപണവുമായി സസ്പെന്‍ഷനിലായ വിസി എം.കെ.നാരായണന്. സിദ്ധാര്ഥന് മര്‍ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചെന്ന് വിസി ആരോപിച്ചു.
റാഗിംഗ് ആണ് മരണകാരണമെന്ന് തന്നെ അറിയിച്ചില്ല. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീന്‍ പറഞ്ഞത്. റാഗിംഗിന്റെ കാര്യം അറിഞ്ഞിരുന്നെങ്കില്‍ കുറെക്കൂടി വേഗത്തില്‍ ഇടപെടുമായിരുന്നെന്നും വിസി പറഞ്ഞു.
ഫെബ്രുവരി 18ന് താന്‍ കാമ്പസിലെത്തുമ്പോള്‍ സിദ്ധാര്‍ഥന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ സര്‍വകലാശാല അധ്യാപകര്‍ക്കായി കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രമോഷന് ഷെഡ്യൂള്‍ ചെയ്തിരിക്കുകയായിരുന്നു.അതില്‍ ചാന്‍സലറുടെ നോമിനിയടക്കം പലസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ കാമ്പസിലെത്തി. മാറ്റിവയ്ക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ഈ ദിവസങ്ങളില്‍ അഭിമുഖം നടത്തിയത്. 19ന് മൃതദേഹം കാമ്പസില്‍ കൊണ്ടുവന്നപ്പോള്‍ അഭിമുഖം നിര്‍ത്തിവച്ചു.
സിദ്ധാര്‍ഥന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച ശേഷം സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡീനെ ചുമതലപ്പെടുത്തിയിരുന്നെന്നും വിസി പ്രതികരിച്ചു.