പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാര്‍ട്ടിയില്ലല്ലോ; അതിനാല്‍ ഒഴിവാക്കിയതാവും: പാലോട് രവിയെ ട്രോളി മുരളീധരന്
Saturday, March 2, 2024 12:41 PM IST
കോഴിക്കോട്: കോണ്‍ഗ്രസിന്റെ സമരാഗ്നിയുടെ സമാപന വേദിയില്‍ ഡിസിസി തിരുവനന്തപുരം പ്രസിഡന്റ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പ്രതികരണവുമായി കെ.മുരളീധരന് എംപി. പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാര്‍ട്ടിയില്ലല്ലോ അതിനാല്‍ ഒഴിവാക്കി പാടിയതാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
സംഭവത്തില്‍ പാലോട് രവിക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അണികളുള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ബിജെപി പാലോട് രവിക്കെതിരേ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിയിരുന്നു. ദേശീയഗാനം തെറ്റായി പാടുകയും പാടുന്ന സമയത്ത് മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ച് അവഹേളിച്ചെന്നുമാണ് പരാതി.
അതേ സമയം, ശമ്പളം മുടങ്ങിയതിലും കെ. മുരളീധരന് പ്രതികരിച്ചു. സംസ്ഥാനത്ത് ഞെരുക്കമുണ്ടെന്ന് പറയുമ്പോഴും ധൂര്‍ത്തിന് കുറവില്ല. കര്‍ണാടകയിലും, തമിഴ്നാട്ടിലും, തെലുങ്കാനയിലും ശമ്പളം മുടങ്ങിയില്ല. എന്തുകൊണ്ട് കേരളത്തില്‍ മാത്രം മുടങ്ങുന്നുവെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാർ ഇവിടെ മരപ്പട്ടിയെ ഓടിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.
വടകരയില്‍ മത്സരിക്കാന്‍ ഉന്തും തള്ളുമില്ല. താന്‍ മാത്രമെ വടകരയില്‍ മത്സരിക്കാനുള്ളു. അവിടെ മത്സരിക്കാന്‍ കുറച്ചു മനക്കട്ടിയും ധൈര്യവും വേണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയം നേരത്തെ പരിഹരിക്കാമായിരുന്നുവെന്നും ലീഗ് കാലുവാരില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.