തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാരെ ഉൾപ്പെടുത്തി കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയുടെ പട്ടിക. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ. സുധാകരനും പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ആലപ്പുഴയില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്.

പട്ടികയില്‍ കേന്ദ്ര നേതൃത്വം ഉടന്‍ അന്തിമ തീരുമാനം കൈക്കൊള്ളും. കണ്ണൂരടക്കമുള്ള മാറ്റങ്ങളും കേന്ദ്രനേതൃത്വം തീരുമാനിക്കും. പരാതികളും ജയസാധ്യതകളും പരിശോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം എടുക്കുക.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്നതില്‍ തീരുമാനമായതിന് ശേഷം ആലപ്പുഴ സീറ്റില്‍ തീരുമാനം പ്രഖ്യാപിക്കും. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ സന്നദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സൂചിപ്പിച്ചിരുന്നു. അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ മറ്റ് പേരുകള്‍ ചര്‍ച്ച ചെയ്തേക്കില്ല.

വീണ്ടും മത്സരിക്കുന്നതില്‍ നേരത്തെ വിമുഖതയുണ്ടായിരുന്ന കെ. സുധാകരന്‍ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുമ്പാകെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരന്‍ മത്സരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള അഭിപ്രായം അറിയിച്ചത്.