ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
Wednesday, February 28, 2024 10:18 PM IST
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ട ബില്ലിനാണു അംഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ ലോകായുക്തയുടെ അധികാരം കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. ഗവർണർ-സർക്കാർ പോരിനിടെയാണു സംസ്ഥാന സർക്കാരിനു നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരിക്കുന്നത്.
ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകനു തല്‍സ്ഥാനത്ത് തുടരാനാകും. ലോക്പാൽ ബില്ലിനു സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്.
ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണര്‍ക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി.
മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമസഭക്ക് തള്ളാനുമാകും. രാഷ്ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലിൽ ഒപ്പിടും.