ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3,300 കിലോ പിടികൂടി
Wednesday, February 28, 2024 9:52 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം ഒരു കപ്പലില്‍ നിന്ന് 3,300 കിലോ മയക്കുമരുന്ന് നാവികസേന പിടികൂടി. 3,089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റാമൈനും 25 കിലോ മോര്‍ഫിനുമാണ് പിടികൂടിയത്.
ചൊവ്വാഴ്ചയാണ് സംഭവം. അറബിക്കടലില്‍ ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈനിന് സമീപം സംശയാസ്പദമായി കണ്ട കപ്പലില്‍ ഇന്ത്യന്‍ നാവികസേനയും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും പരിശോധന നടത്തുകയായിരുന്നു.
സംഭവത്തില്‍ കപ്പലിലെ അഞ്ച് ജീവനക്കാരും ഒരു പാക്കിസ്ഥാന് പൗരനും അറസ്റ്റലായി. ഇവരെ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് കൈമാറി.
കഴിഞ്ഞയാഴ്ച ഗുജറാത്ത് പോലീസ് ഗിര്‍-സോമനാഥ് ജില്ലയിലെ വെരാവല്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഒമ്പത് പേരെ പിടികൂടുകയും 350 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
നേരത്തെ, പൂനെയിലും ഡല്‍ഹിയിലുമായി നടത്തിയ രണ്ട് ദിവസത്തെ റെയ്ഡുകളില് 2,500 കോടി രൂപ വിലമതിക്കുന്ന 1,100 കിലോഗ്രാം മെഫെഡ്രോണ്‍ അധികൃതര്‍ പിടികൂടിയിരുന്നു.