പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു
Friday, February 16, 2024 7:33 PM IST
തിരുവനന്തപുരം: സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടമായതോടെ പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
പെരിങ്ങമല പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായതിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് സ്ഥാനം രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കൈമാറി.
നെയ്യാറ്റിൻകര സനൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പാലോട് രവി ഡിസിസി പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.
ആറ് അംഗങ്ങളുള്ള കോണ്ഗ്രസ്, മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, അംഗങ്ങളായ അൻസാരി, ഷെഹനാസ് എന്നിവരാണ് സിപിഎമ്മിൽ ചേർന്നത്.
കോണ്ഗ്രസ് മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ട തുടങ്ങിയ പ്രദേശിക പ്രശ്നങ്ങളും ജില്ലാ നേതൃത്വവുമായുള്ള തർക്കവുമാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടി വിടാൻ കാരണം.