ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ്; ഷൈജ ആണ്ടവന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
Tuesday, February 13, 2024 10:07 AM IST
കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ഇവര്‍ കുന്നമംഗലം പോലീസിനെ അറിയിക്കുകയായിരുന്നു.
മൂന്ന് ദിവസത്തേക്ക് സമയം നീട്ടി ചോദിച്ചിട്ടുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ പൊലീസ് നേരത്തെ ഷൈജ ആണ്ടവന്റെ വീട്ടിലെത്തി ഇവരെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിനാണ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ കമന്റ്. സംഭവത്തില്‍ കലാപാഹ്വാനത്തിനാണ് പോലീസ് ഷൈജയ്ക്കെതിരേ കേസെടുത്തത്.
കമന്റിട്ടത് താന്‍ തന്നെയാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ആരെയും അവഹേളിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് വാദം.