ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് തോമസ് ചാഴികാടൻ സ്ഥാനാർഥി
Monday, February 12, 2024 5:37 PM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നിലവിലെ എംപി തോമസ് ചാഴികാടൻ തന്നെ മത്സരത്തിന് ഇറങ്ങുമെന്ന് കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.
ഏകകണ്ഠമായാണ് തീരുമാനമെന്നും കഴിഞ്ഞ അഞ്ചുവർഷം അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും ജോസ് കെ.മാണി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു കഴിഞ്ഞു.
1991ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയിരുന്ന സഹോദരന് ബാബു ചാഴികാടൻ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് സഹോദരനായ തോമസ് ചാഴികാടൻ കെ.എം. മാണി രാഷ്ട്രീയത്തിലിറക്കിയത്.
1991,1996,2001,2006 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭാഗമായിരുന്നു തോമസ് ചാഴികാടൻ. 2011ലും 2016 ലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റുവാങ്ങി.
2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വി.എന്‍.വാസവനെ 1,06,259 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് -എം ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.