വിദേശസർവകലാശാല: വിവാദം തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
Friday, February 9, 2024 9:14 PM IST
തിരുവനന്തപുരം: വിദേശ സർവകലാശാലകളുടെ കാന്പസ് കേരളത്തിൽ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന വിവാദപ്രസ്താവനകൾ നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
ബജറ്റ് പ്രഖ്യാപനത്തിനെതിരേ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഡോ. രാജൻ ഗുരുക്കളും രംഗത്തെത്തിയതിന് പിന്നാലെയാണ് പരസ്യ പ്രസ്താവനകൾ നിർത്തി വയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
വിദേശ സർവകലാശാല കാന്പസുകൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന ബജറ്റ് നിർദേശം ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ശിപാർശയല്ലെന്ന് മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായുള്ള വിദേശ സർവകലാശാല കാന്പസ് പ്രഖ്യാപനം സിപിഎമ്മിലും എൽഡിഎഫിലും ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനത്തെ തള്ളിപ്പറയുന്ന തരത്തിലുള്ള മന്ത്രി ബിന്ദുവിന്റെ പ്രസ്താവനയെത്തിയത്.
വ്യാഴാഴ്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ കൂടി പരസ്യ പ്രസ്താവനയുമായി എത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നാണ് സൂചന.
ബജറ്റിലെ വിദേശസർവകലാശാല പ്രഖ്യാപനത്തിൽ ബിന്ദു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തങ്ങൾ അറിയാതെയാണ് വിദേശ സർവകലാശാലക്ക് അനുമതി നൽകാനുള്ള ബജറ്റ് പ്രഖ്യാപനം ഉണ്ടായതെന്നാണ് മന്ത്രി ബിന്ദു പറഞ്ഞത്. കൗൺസിൽ അല്ല ആശയം മുന്നോട്ട് വച്ചതെന്ന് വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കളും വ്യക്തമാക്കിയിരുന്നു.
വിദേശ സര്‍വകലാശാലകള്‍ക്ക് ഏകജാലക ക്ലിയറന്‍സുള്‍പ്പെടെ വാഗ്ദാനം ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.