കേന്ദ്ര ധനമന്ത്രിയും ആർബിഐ ഗവർണറും രാജിവയ്ക്കണം; മുംബൈയിൽ ബോംബ് ഭീഷണി
Tuesday, December 26, 2023 9:24 PM IST
മുംബൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ആസ്ഥാനം ഉൾപ്പടെ 11 സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഫിസുകളും പട്ടികയിലുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ‘ഖിലാഫത്ത് ഇന്ത്യ’ എന്ന ഇമെയിൽ വിലാസത്തിൽനിന്നാണ് ഭീഷണി.
‘‘ഞങ്ങൾ 11 ബോംബുകളാണ് മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് സ്വകാര്യമേഖലാ ബാങ്കുകളോടൊപ്പം ആർബിഐയും നടത്തിയത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, ധനമന്ത്രി നിർമല സീതാരാമൻ, ഉന്നത ബാങ്കിംഗ് ഉദ്യോഗസ്ഥർ, ഇന്ത്യയിലെ ചില പ്രശസ്ത മന്ത്രിമാർ എന്നിവർ ഉൾപ്പെട്ടതാണ് തട്ടിപ്പ്.’’– ഇമെയിലിൽ പറയുന്നു.
സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു. മുംബൈയിലെ എംആർഎ മാർഗ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.