കാനം മുതൽ തലസ്ഥാനം വരെ; മൺമറഞ്ഞത് ഇടത് രാഷ്ട്രീയത്തിലെ അതികായൻ
Friday, December 8, 2023 8:36 PM IST
കോട്ടയം: കറതീർന്ന കമ്മ്യൂണിസ്റ്റ്, കാർക്കശ്യക്കാരനായ ട്രേഡ് യൂണിയനിസ്റ്റ്, സഖാക്കൾക്ക് പ്രിയങ്കരനായ നേതാവ് ... കാനം എന്ന കൊച്ചുഗ്രാമത്തിൽ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബല നിരയിലേക്ക് കാനം രാജേന്ദ്രൻ നടന്നു കയറുകയായിരുന്നു.
രാഷ്ട്രീയം താത്പര്യം കൗമാരത്തിലെ തുടങ്ങിയെങ്കിലും എഐഎസ്എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 21-ാം വയസിൽ എൻ.ഇ.ബൽറാം, ടി.വി.തോമസ്, സി.അച്യുതമേനോൻ, എം.എൻ.ഗോവിന്ദൻനായർ, വെളിയം ഭാർഗവൻ എന്നിവരുടെ പേരിനൊപ്പം സിപിഐ സംസ്ഥാന കൗൺസിലിൽ കാനം രാജേന്ദ്രൻ എന്ന പേരും എഴുതിച്ചേർത്തു. യുവാക്കളുടെ ഹരമായി മാറിയ കാനം 23-ാം വയസിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി പദത്തിലെത്തി.
യുവജന പ്രസ്ഥാനങ്ങൾക്കിടയിൽ തീപ്പന്തമായി മാറിയ കാനം 28-ാം വയസിൽ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. തഴക്കം വന്ന സംസ്ഥാന രാഷ്ട്രീയത്തിലെ അതികായർക്കൊപ്പമുള്ള പ്രവർത്തനം കാനത്തെ ചിട്ടയുള്ള കമ്മ്യൂണിസ്റ്റുകാരനാക്കി.
1982-ൽ ഏഴാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കാനം ജനവിധി തേടാനും ഇറങ്ങി. സ്വന്തം വീടിരിക്കുന്ന കോട്ടയം ജില്ലയിലെ വാഴൂർ (ഇന്ന് കാഞ്ഞിരപ്പള്ളി) മണ്ഡലത്തിലാണ് ആദ്യമായി മത്സരിച്ചത്. കേരള കോൺഗ്രസ്-എമ്മിലെ എം.കെ.ജോസഫിനെ വീഴ്ത്തി കാനം നിയമസഭയുടെ പടവുകൾ കയറി.
തൊട്ടുപിന്നാലെ 1987-ലെ തെരഞ്ഞെടുപ്പിൽ വീണ്ടും അങ്കത്തിനിറങ്ങിയ കാനത്തിന് പിഴച്ചില്ല. യുവനേതാവായിരുന്ന പി.സി.തോമസിനെ വീഴ്ത്തി രണ്ടാമതും കാനം നിയമസഭയിൽ എത്തി. എന്നാൽ 1991-ൽ രാജീവ് ഗാന്ധിയുടെ മരണശേഷമുണ്ടായ തെരഞ്ഞെടുപ്പിൽ കാനത്തിന് അടിതെറ്റി.
മുൻമന്ത്രിയായിരുന്ന പ്രഫ.കെ.നാരായണക്കുറുപ്പിനോട് ആദ്യമായി തോൽവി ഏറ്റുവാങ്ങി. പിന്നീട് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും ദീർഘകാലം വിട്ടുനിന്ന കാനം 2006-ൽ വീണ്ടും മത്സരിച്ചെങ്കിലും നാരായണക്കുറിപ്പിന്റെ മകൻ പ്രഫ.എൻ.ജയരാജിനോടും തോൽവി ഏറ്റുവാങ്ങി. ഈ തോൽവിക്ക് ശേഷം കാനം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
അഞ്ച് പതിറ്റാണ്ട് പാർട്ടി സംസ്ഥാന കൗൺസിലിൽ അംഗമായ കാനം 2015-ൽ സ്വന്തം ജില്ലയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. പിന്നീട് സിപിഐ രാഷ്ട്രീയത്തിൽ കാനം എന്ന അതികായന്റെ തേരോട്ടമായിരുന്നു. പാർട്ടിയിലെ എതിരാളികളെ നിഷ്കരുണം ഒതുക്കിയ കാനം തുടർന്ന് വന്ന രണ്ട് സമ്മേളനങ്ങളിലും സംസ്ഥാന സെക്രട്ടറി പദം നിലനിർത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ വിജയിച്ചവരെ മാറ്റി പുതുമുഖങ്ങളെ രംഗത്തിറക്കണമെന്നത് കാനത്തിന്റെ വാശിയായിരുന്നു. ഇതോടെ സി.ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ, ഇ.എസ്.ബിജിമോൾ, ഗീതാ ഗോപി തുടങ്ങിയവരൊക്കെ കളംവിടേണ്ടി വന്നു.
കാനത്തിന്റെ ഈ നീക്കം സിപിഎമ്മിനെ പോലും സ്വാധീനിച്ചു. തലമുതിർന്ന നേതാക്കളെ മാറ്റി പുതുമുഖങ്ങളെ രംഗത്തിറക്കാൻ സിപിഎമ്മും തീരുമാനിച്ചത് കാനം ഇഫ്ക്ടിലൂടെ ആണെന്നുവേണം പറയാൻ. പതിവുകാരെ ഒഴിവാക്കിയതോടെ മന്ത്രിസഭയിലും പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുകയായിരുന്നു.
ഇത്തരത്തിൽ സിപിഐയിലെ അവസാന വാക്കായി നിലകൊള്ളുമ്പോഴാണ് അദ്ദേഹത്തെ മരണം കൊണ്ടുപോകുന്നത്. കാനത്തിന്റെ അപ്രതീക്ഷിത വേർപാട് സിപിഐക്ക് മാത്രമല്ല സംസ്ഥാനത്തെ ഇടത് നേതൃനിരയിലും ശൂന്യത സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.