കാനം തൊഴിലാളി വർഗത്തിന്റെ യഥാർഥ പ്രതിനിധി: റോഷി അഗസ്റ്റിൻ
Friday, December 8, 2023 8:36 PM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. അധ്വാന വർഗത്തിന്റെ കഷ്ടതകൾ നേരിൽ കണ്ടു രാഷ്ട്രീയത്തിൽ എത്തിയ കാനം, തൊഴിലാളി വർഗത്തിന്റെ യഥാർഥ പ്രതിനിധി ആയിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു.
രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും വ്യക്തി ബന്ധം പുലർത്തിയ നേതാവായിരുന്നു കാനം രാജേന്ദ്രൻ. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം നേരിൽ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചിരുന്നു. ഇടുക്കിയിലെ ഭൂ വിഷയങ്ങളിൽ അടക്കം ജനകീയ വിഷയങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു.
വർഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ കാനത്തിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതം ആണ്. ട്രേഡ് യൂണിയൻ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും.
അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ടീയത്തിനു നികത്താനാകാത്ത നഷ്ടമാണ്. പ്രിയപ്പെട്ട കാനത്തിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കു ചേരുന്നു.-റോഷി അഗസ്റ്റിൻ അനുസ്മരിച്ചു.