ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് നഷ്ടമായത്: മുഖ്യമന്ത്രി
Friday, December 8, 2023 7:20 PM IST
കൊച്ചി: സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിൽ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കരുത്തനായ ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം.
വിദ്യാർഥി, യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുൻനിരയിൽ പല ഘട്ടങ്ങളിൽ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് അദ്ദേഹത്തിന് വലിയ അടിത്തറയൊരുക്കി.
നിയമസഭയിൽ അംഗമായിരുന്ന കാലയളവിൽ ജനജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയിൽ അവതരിപ്പിച്ചിരുന്നു. നിയമനിർമാണം അടക്കമുള്ള കാര്യങ്ങൾക്ക് ശ്രദ്ധേയമായ സംഭാവനകൾ കാനം നൽകി.
ശ്രദ്ധേയനായ നിയമസഭാ സാമാജികൻ, കരുത്തനായ സംഘാടകൻ, മികച്ച വാഗ്മി, പാർട്ടി പ്രചാരകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു കാനം രാജേന്ദ്രനെന്നും മുഖ്യമന്ത്രി പറഞ്ഞു.