അനധികൃത കുടിയേറ്റക്കാരെ റഷ്യ യുക്രെയ്നെതിരേയുള്ള യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണം
Friday, December 8, 2023 2:21 AM IST
മോസ്കോ: കുടിയേറ്റ നിയമം ലംഘിച്ചതിന് ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ വിദേശ കുടിയേറ്റക്കാരെ റഷ്യ യുക്രെയ്നുമായുള്ള യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണം.
ഇത്തരത്തിലുള്ള നിരവധി വിദേശ കുടിയേറ്റക്കാരെ യുക്രെയ്ന് അതിര്‍ത്തിയിലുള്ള റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ കണ്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അനധികൃത കുടിയേറ്റത്തിന് പിടിയിലായി നാടുകടത്തല്‍ കാത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന ആളുകളുമായി റഷ്യ കരാര്‍ ഉണ്ടാക്കുന്നുവെന്ന ആരോപണം മുമ്പും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഫിന്‍ലന്‍ഡുമായുള്ള 1,340 കിലോമീറ്റര്‍ അതിര്‍ത്തിയിലേക്ക് നിരവധി അനധികൃത കുടിയേറ്റക്കാര്‍ എത്തിത്തുടങ്ങിയതോടെ ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയായിരുന്നു.
റഷ്യയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്കുള്ള എട്ട് അതിര്‍ത്തി ക്രോസിംഗുകളും ഫിന്‍ലന്‍ഡ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ റഷ്യ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നുവെന്നാണ് ഫിന്‍ലന്‍ഡിന്റെ ആരോപണം.
കോടതിയുടെ നിരീക്ഷണമനുസരിച്ച് ഫിന്‍ലന്‍ഡുമായുള്ള അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൊന്നായ കാരലിയയില് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 236 അനധികൃത കുടിയേറ്റക്കാരെയാണ് റഷ്യന്‍ സൈന്യം അറസ്റ്റ് ചെയ്ത് ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക് മാറ്റിയത്. മറ്റ് രണ്ട് അതിര്‍ത്തി പ്രദേശങ്ങളായ ലെനിന്‍ഗ്രാഡിലും മുര്മാന്സ്കിലും സ്ഥിതി വ്യത്യസ്ഥമല്ല.
കാരലിയയില് നവംബര്‍ പകുതിയോടെ അറസ്റ്റിലായ സൊമാലിയയില്‍ നിന്നുള്ള നാല്പതുകാരന് കോടതി 2,000 റൂബിള്‍ പിഴ ചുമത്തുകയും നാടുകടത്താൻ ഉത്തരവിടുകയുമായിരുന്നു.
ഇത്തരത്തില്‍ നാടുകടത്തല്‍ കാത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്നവരെ റഷ്യന്‍ സൈനികര്‍ സന്ദര്‍ശിക്കുകയും ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ റഷ്യന്‍ സേനയില്‍ എടുക്കുകയുമാണ് ചെയ്യുന്നത്.
മികച്ച വേതനവും ആരോഗ്യപരിരക്ഷയും റഷ്യയില്‍ താമസിക്കാനുള്ള അനുമതിയും വാഗ്ദാനം ചെയ്താണ് റഷ്യന്‍ സേന ഇവരെ യുക്രെയ്ന് യുദ്ധത്തിനായി ഇറക്കുന്നത്.